Friday 1 February 2013

'Ambasamudram' - Blue Verses

(Inspired by biographical recordings of Sree Narayana Guru)

-  അംബാസമുദ്രം -

നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ കണ്ടവര്‍ രണ്ടേ ഇന്നിനി, നിങ്ങള്‍ കണ്ടവര്‍ രണ്ടേ ഇന്നിനി നീലത നീര്‍മിഴി ഒഴുകാതെ ആത്മനൊമ്പരം നെഞ്ചടക്കി നടന്നകന്നൊരു നായകനെ മാനവ സോദര യാചകനെ നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ.... നീരസം തീരെയും അറിയാതെ ആത്മകഥകള്‍ കുറിക്കുമ്പോള്‍ ആ രോദനം നീ മറക്കാതെ നീല മഷിയില്‍ എഴുതൂ നീ! നീലാംബരമേ കണ്ടതു നീ അംബാസമുദ്രമേ കണ്ടതു നീ കണ്ടവര്‍ രണ്ടേ ഇന്നിനി,നിങ്ങള്‍ കണ്ടവര്‍ രണ്ടേ ഇന്നിനി....


ഈ പാട്ടിന്‍റെ പശ്ചാത്തലം :

വിദ്യാനന്ദസ്വാമി എഴുതിയ ശ്രീ നാരായണ ഗുരുവിന്‍റെ ഒരു സഞ്ചാരത്തെ കുറിച്ചുള്ള വിവരണം ശ്രീ മൂര്‍ക്കോത്തു കുമാരന്‍ എഴുതിയ ഗുരുവിന്‍റെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കാം.

മഹാസമാധിക്കു ഒരുവര്‍ഷം മുന്‍പ് ഗുരു വർക്കലയില്‍ നിന്നും അംബാസമുദ്രത്തിലേക്ക് പുറപ്പെട്ടു. "വാര്‍ധക്യം പല രോഗങ്ങളും നല്‍കിയ ശരീരവുമായി ഗുരു നടത്തിയ ഈ സഞ്ചാരത്തിനുണ്ടായ കാരണം ഈ അവസരത്തില്‍ എഴുതാതിരിക്കുന്നതാണ് ഭംഗി എന്ന് കരുതുന്നു. ആളും മേളവും ഇല്ലാതെ നമ്മുടെ നാട്ടുകാരുടെ നന്ദികേടില്‍ നിന്നും ഗുരു ഓടി ഒളിക്കുകയായിരുന്നു. മഴ ഏറ്റു നനഞ്ഞ വസ്ത്രവുമായി നടന്നും പുഴയില്‍ നിന്നും കുളിച്ചും ആല്‍ മരത്തിന്റെ വേരുകൊണ്ട് പല്ലുവൃത്തിയാക്കിയും അലഞ്ഞു നടന്ന വൃദ്ധനായ നമ്മുടെ ഗുരുവിനെ നമുക്ക് അറിയാമോ? ഗുരു അന്ന് പറഞ്ഞ വാക്കുകള്‍:

"ഇനി മലയാള രാജ്യത്തേക്ക് പോകേണ്ട, നമുക്ക് ഇവിടെ എവിടെ എങ്കിലും താമസിച്ചാല്‍ മതി. ആരെങ്കിലും അന്വേഷിച്ചു വരും ആയിരിക്കും. എന്നാലും പോകരുത്. ആരുവരാന്‍ നമ്മെ അന്വേഷിച്ച്? നമ്മുടെ ദാസ് വരുമായിരിക്കും...പിന്നെയും ചിലര്‍ എങ്കിലും ഉണ്ടല്ലോ...ഈ തമിഴരെ പോലെ ആര്‍ക്കും സ്നേഹം ഇല്ലല്ലോ..."  ആ അലച്ചിലിനിടയില്‍ ഗുരു പറഞ്ഞു. "ജീവ ചരിത്രം എഴുതുന്നവര്‍ ഉണ്ടെങ്കില്‍ഇതെല്ലാം വിട്ടുപോകാതെ എഴുതേണ്ടതാണ്".

തമിഴ് നാട്ടില്‍ നിന്നും ഗുരു ശ്രീലങ്കയിലേക്ക് പോയി. ശിഷ്ടം ജീവിതം അവിടെ ജീവിക്കാം എന്ന് ഗുരു ആഗ്രഹിച്ചു. പിന്നെ പല ഭക്തന്‍മാരെയും കൊണ്ട് ശുപാര്‍ശ ചെയ്യിപ്പിച്ചാണ് ഒരുവിധം ഗുരുവിനെ ശിവഗിരിയില്‍ തിരിച്ചെത്തിച്ചത്. അതിന്‍റെ ശേഷം ആയിരുന്നു ശിഷ്യ പാരമ്പര്യം ഉറപ്പിക്കുന്നതിനായി ധര്‍മ്മസംഘം സ്ഥാപിച്ചത്.

അന്നാ രോദനം കേട്ടവരും  കണ്ടവരും എല്ലാം മറഞ്ഞുപോയി.  കണ്ടവര്‍ രണ്ടേ ഇന്നിനി. നീലാംബരവും അമ്ബാസമുദ്രവും മാത്രം.


©Sujit Sivanand
(Penned in February 2012)

6 comments:

  1. നാരായണഗുരുദേവ പാദങ്ങളില്‍ പ്രണാമം. ആത്മസാക്ഷാത്കാരം പൂര്‍ണത പ്രാപിച്ച ശേഷം ആത്മസുഖം നുകര്‍ന്ന് ബാക്കി ജീവിതം മുഴുവന്‍ സുഖിക്കുന്ന യോഗികളില്‍ നിന്നും വ്യത്യസ്ഥാനായിരുന്നു നാരായണ ഗുരു. ആത്മസാക്ഷാത്കാരം പൂര്‍ണമായി നേടിയ ശേഷം സ്വന്തം സുഖം ഉപേക്ഷിച്ചു ഹൃദയത്തില്‍ നിറഞ്ഞ അനുകമ്പയോടെ നമുക്കുവേണ്ടി ഒരുജന്മം മുഴുവന്‍ പ്രവര്‍ത്തന നിരതന്‍ ആയ ഗുരുവിനു കിട്ടിയ പ്രതിഭലം ആയിരുന്നു കഷ്ടപ്പാടിന്റെ ആ അംബാസമുദ്ര യാത്ര. ഈ കവിത വായിക്കുന്നവര്‍ക്ക് ആ ദുഃഖം മനസ്സില്‍ അനുഭവപ്പെടും.

    ReplyDelete
    Replies
    1. Dilimon, Thanks for the appreciation and sharing in this part of history.

      Delete
  2. അന്ധകാരത്തിന്റെ ആഴി കടത്തുവാന്‍ ആവിവന്തോണിയായ ഒരു മഹാഗുരുവിനെ മറന്ന ഒരു ജനത.ഒരു ഗുരുക്കന്മാര്‍ക്കും ഇങ്ങനെ ഒരവസ്ഥ നേരിടേണ്ടി വന്നുകാണില്ല. സാറിന്റെ വരികള്‍ കണ്ണുകളെ ഈറനണിയിച്ചുകളഞ്ഞു.സ്വാതന്ത്ര്യത്തിന്റെ മധുരക്കനികള്‍ ഏതൊരു ഗുരു നല്‍കി അനുഗ്രഹിച്ചോ ആ ഗുരുവിനു നേരെതന്നെ ആ സ്വാതന്ത്ര്യത്തിന്റെ ഉച്ചിഷ്ടം വലിച്ചെറിഞ്ഞ ഒരു ജനത......!!! ക്ഷമിക്കണം മഹാഗുരോ... നാരായണ ഗുരുവിനു ആരുമില്ല എന്നൊരിക്കല്‍ മുനിനാരായണ പ്രസാദ് സ്വാമി പറഞ്ഞത് ഓര്‍ക്കുന്നു....

    ReplyDelete
    Replies
    1. പ്രിയ ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ട യേശുവിന്‍റെ ജീവിതാവസ്ഥകള്‍ക്ക് സമാനമായ പല ഘട്ടങ്ങളും ഗുരുവിന്‍റെ ജീവിതത്തിലും ഉണ്ടായിരുന്നു.ഗുരുവെന്ന മഹനീയതയുടെ ഗുണം നുകര്‍ന്ന്, അതിലൂടെ വളര്‍ന്നു മനുഷ്യരായി മാറിയവര്‍ ആ ഗുരുവിനെ തള്ളിപ്പറഞ്ഞതു നാം കണ്ടു. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമാകണം യോഗം എന്ന ഗുരുവിന്‍റെ സങ്കല്‍പ്പത്തെ നിഷ്കരുണം തകര്‍ത്ത്‌, അതിലൂടെ സംഭവിയ്ക്കാമായിരുന്ന നവോത്ഥാനത്തിന്‍റെ അനന്ത സാധ്യതകള്‍ ഇല്ലാതാക്കിയത്, ഗുരുവിനെ ആദ്യമായി "ദൈവം" എന്നുവിളിച്ച കുമാരനാശാനുംകൂടിച്ചേര്‍ന്നാണെന്നത് നമുക്ക് അപ്രിയമായ സത്യമാണ്. പ്രിയശിഷ്യനോട് ഗുരു പറഞ്ഞു: "കുമാരു നമ്മെ ഗുരുവെന്നു വിളിയ്ക്കുകയും നമ്മെ ഉപദേശിയ്ക്കുകയും ചെയ്യുന്നു " എന്ന്.. എല്ലാവരാലും പരിത്യജിയ്ക്കപ്പെട്ട്, ശിവഗിരി വിട്ടപ്പോള്‍ ഗുരു പതറിയോ? ആ ചുവടുകള്‍ ഇടറിയോ? അങ്ങനെ കരുതാന്‍ വയ്യ.അധരസേവമാത്രം ചെയ്യുന്ന ശിഷ്യരെ ഗുരു നന്നായി അറിഞ്ഞിരുന്നു.സ്വന്തം കര്‍മ്മം ചെയ്തുതീര്‍ത്ത ഗുരുവിന്‍റെ നിര്‍മ്മമമായ മനസ്സ് അതൊക്കെ പൊറുക്കുന്നതായിരുന്നു.ഗുരുവിനോട് നാം മലയാളികള്‍ കാട്ടിയ കൊടിയപാപം നമ്മുടെ പ്രവൃത്തികൊണ്ടു നമുക്ക് കഴുകിക്കളയാന്‍ കഴിയണം.

      Delete
    2. അജിയുടെയും മനോജിന്റെയും മറുപടികള്‍ക്ക് നന്ദി. ഈ കഥയില്‍ പറയുന്ന അനിഷ്ട സംഭവങ്ങള്‍ തുടങ്ങിയതു 1926ല്‍ ബോധാനന്ദസ്വാമികളെ ഗുരു പിന്‍ഗാമിയായി നിയമിച്ചു, കാലശേഷം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാന്‍ വില്ല്പത്രം ആധാരമാക്കിയതില്‍ പിന്നെയാണ്. അതിനു മുന്‍പുതന്നെ കുമാരന്‍ ആശാന്‍ 1924-ലെ ജനുവരിയില്‍ മരണമടഞ്ഞു.

      Delete
    3. സുജിത്ത്സാര്‍, ആശാന്‍റെ മരണം മുന്നേ നടന്നിരുന്നു എന്നത് വിസ്മരിച്ചല്ല ഞാന്‍ അത് പറഞ്ഞത്. ഗുരുത്വക്കേടുകള്‍ മുന്നേ തുടങ്ങിയിരുന്നു, അതിന്‍റെ തുടര്‍ച്ച മാത്രമാണ് നാം പിന്നീട് കണ്ടത് എന്നോര്‍ത്തുപോയതാണ്.

      Delete