- പൂമൊട്ടുകള്‍-
( ഒരു ഊട്ടു പാട്ട് )
പ്രമേയം: ഒരു അമ്മയും കുട്ടിയും തമ്മിലുള്ള സംവാദമായി ഒരുക്കിയ ഈ പാട്ടിന്‍റെ പശ്ചാത്തലം അഞ്ചു ബാല്യ സങ്കല്‍പ്പങ്ങളായ - ഭൂമി, ചന്ദ്രന്‍, സൂര്യന്‍, അച്ഛന്‍, അമ്മ എന്നിവയും, അവയ്യില്‍കൂടി നേടുന്ന ഭാവാനുഭവങ്ങളും, ആ അനുഭവധാര തന്നെ ആറാമതായി തന്‍റെ ഗുരുവായി അറിവായി തന്നില്‍ വിളങ്ങുന്നു. ഈ ഊട്ടുപാട്ടില്‍ക്കൂടി അമ്മ കുട്ടിക്ക് അറിവും മൂല്യങ്ങളും പകരുന്നു.
അമ്മ:
|
ആരിയന്‍ നെല്ലിന്‍റെ ചോറു തരാം
അന്നത്തിന്നപ്പുറം പാടിത്തരാം
അമ്മയീ താലത്തില്‍ വച്ചിരിപ്പൂ
പൂമൊട്ട് പോലഞ്ചുരുളമാത്രം
|
അമ്മ:
|
ഒന്നാനാം പൂമൊട്ടിതാര്‍ക്ക് വേണ്ടി?
ഒക്കെയും തന്നോരു ഭൂമിക്കല്ലേ?
ഒപ്പവുമുള്ളൊരു ദേവിക്കല്ലേ?
|
ഉണ്ണി:
|
ഒന്നാനാം പൂമൊട്ട് ഭൂമിക്കല്ലോ
ഭൂമിയും ദേവിയും ഒന്നാണല്ലോ
|
അമ്മ:
|
രാമാനം കാക്കുന്ന ചന്ദിരനോ?
രാപോയി പാക്കുന്ന തിങ്കള്‍മീനോ?
രണ്ടാനാം പൂമൊട്ടിതാര്‍ക്ക് വേണ്ടി?
|
ഉണ്ണി:
|
രണ്ടാനാം പൂമൊട്ട് ചന്ദിരന്
ചന്ദിരനാണല്ലോ തിങ്കള്‍മീനും
|
അമ്മ:
|
മൂവന്തി ചോപ്പിച്ച ഭാനുമാനോ?
മുല്ലപ്പൂ മഞ്ഞിലെ ഭാസുരനോ?
മൂന്നാനാം പൂമൊട്ടിതാര്‍ക്ക് വേണ്ടി?
|
ഉണ്ണി:
|
മൂന്നാനാം പൂമൊട്ട് ഭാനുമാന്
ഭാനുമാനാണല്ലോ ഭാസുരനും
|
അമ്മ:
|
നല്ലോല കെട്ടി പൂപ്പന്തു തട്ടാം
നാലാമന്‍ പൂമൊട്ടിതാര്‍ക്ക് വേണ്ടി?
|
ഉണ്ണി:
|
നല്ലോരു നാളിനായ് വേലചെയ്യും
നല്ലചഛനായിതു മാറ്റിയാലോ?
|
അമ്മ:
|
ഇല്ലില്ല ഉണ്ണിക്കു ശക്തി വേണം
നല്ലോല കെട്ടി പൂപ്പന്തു തട്ടാന്‍
|
അമ്മ:
|
ആകെ വിശക്കുന്നു അമ്മക്കിപ്പോള്‍
അഞ്ചാമന്‍ പൂമൊട്ടിതാരെടുക്കും?
|
ഉണ്ണി:
|
ആകാശത്തേക്കമ്മ നോക്കിനില്‍ക്കൂ
ആരാരാ പൂമൊട്ട് കൊണ്ട്പോകും?
|
അമ്മ:
|
കാക്കത്തിയാണോ പൂച്ചത്തിയോ
അഞ്ചെല്ലാം പൂമൊട്ടും കൊണ്ടുപോയി!
|
©Sujit Sivanand